Sunday, May 12, 2013

അമ്മേ..അനുപമേ ...

 ഇപ്പോഴും ഓർമിക്കുന്നു  ആ ദിവസം.കാത്തിരുന്നു വരുന്ന വേനലവധിക്കാലം. പരീക്ഷയ്ക്കു പഠിക്കുമ്പോഴേ  ചിന്ത പലപ്പോഴും കളികളിൽ ചെന്ന് നില്ക്കും. അവധിക്കാലത്തെ പ്രധാന പരിപാടിയാണ് "അമ്മവീട്ടിൽ പോകൽ ".  അവിടെ പോയി  കളിച്ചുതിമിർത്ത് കുറച്ചുനാൾ  കഴിഞ്ഞ് മനസ്സില്ലാമനസ്സോടെ  മടങ്ങിവരവേ,,ഒരുപാടു കെഞ്ചി ചോദിച്ചതിനുശേഷം  കിട്ടിയ  'ബാലരമ '. (ആമുഖം ആവശ്യമില്ലാത്ത ബാലപ്രസിദ്ധീകരണം). വല്ലപ്പോഴും മാത്രം കിട്ടുന്ന അത് അത്യധികം  ആകാംക്ഷയോടെ തുറന്നുനോക്കി . ആദ്യപേജിൽ കൊടുത്തിരിയ്ക്കുന്നു  "ഇന്ന് മാതൃദിനം..മെയ്  മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്  "....... ..ചിത്രകഥകളുടെ കൌതുകങ്ങളിലേയ്ക്ക്‌ ചെന്നെത്താനുള്ള തിരക്കിൽ  അന്ന് ആ പേജ് പെട്ടെന്ന് മറിച്ചു . അതിനുശേഷം ഒരുപാട് വേനലവധിക്കാലങ്ങളും മെയ് മാസങ്ങളും കടന്നുപോയി .പഠനമൊക്കെ കഴിഞ്ഞു. ജീവിതം കരുപിടിയ്പ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ വേണ്ടിവന്ന ഒരു യാത്രയ്ക്കിടയിൽ വെറുതെ സോഷ്യൽ നെറ്റുവർക്കിങ്ങ് സൈറ്റ്  തുറന്നു തന്ന ജാലകത്തിൽ  ഇന്നു വീണ്ടും കണ്ടു..."ഇന്ന് മാതൃദിനം"..പിന്നെ അമ്മയുടെ മഹത്വത്തെക്കുറിച്ചുള്ള  വാക്കുകളും...ബസ്സ് ശാന്തമായി മുന്നോട്ടു നീങ്ങുന്നു.വെളിയിൽ  നന്നായി മഴ പെയ്യുന്നുണ്ട്. വേനലിന് അറുതി വരുത്തി പെയ്യുന്ന ആദ്യത്തെ മഴ..ഞാൻ എന്റെ അമ്മയെപ്പറ്റി ആലോചിച്ചു .പാവം .പക്ഷെ  ഇന്നും ഞാൻ അമ്മയോട് വഴക്കിട്ടതോർത്തു .ശ്ശോ ..കഷ്ടം .ങ്ഹാ ..അമ്മയോടല്ലേ ധൈര്യമായി വഴക്കിടാൻ പറ്റു ...ഞാനാലോചിച്ചു . ഈ ലോകത്തിൽ എത്രയോ ആൾക്കാരുണ്ട് അമ്മയുടെ സ്നേഹം കിട്ടാത്തവർ...ഒരിക്കൽ പോലും.. ഞാനെത്ര ഭാഗ്യവാനാണ്.അറിയാതെ പതുക്കെ  വിളിച്ചുപോയി..."അമ്മേ ...". പെട്ടെന്ന് തന്നെ മൊബൈല് എടുത്തു വീട്ടിലെ നമ്പർ  ഡയൽ ചെയ്തു ..ഫോണ്‍ എടുക്കാൻ താമസിച്ചപ്പോൾ അസ്വസ്ഥത ആയി ..ഒടുവിൽ 'ഹലോ' കേട്ടപോഴാണ്  ആശ്വാസമായത്.."മോനെ എന്തുണ്ട് ..." എന്ന ചോദ്യത്തിന് "ഒന്നുമില്ലമ്മെ ചുമ്മാ വിളിച്ചതാ,ഞാൻ പിന്നെ വിളിക്കാം"  എന്നും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു ...ഞാൻ ആലോചിച്ചു..ഇപ്പോൾ അമ്മെ.. എന്ന് വിളിച്ചാൽ  കേൾക്കാൻ അമ്മയുണ്ട്...അങ്ങനെ വിളികേൾക്കാൻ  അമ്മ  ഇല്ലാതാവുന്ന  അവസ്ഥ..ഹോ.. ചിന്തിക്കാൻ കൂടി വയ്യ ..അമ്മയെ   വിശേഷിപ്പിക്കാനായി  ഒരേയൊരു വിശേഷണമേ ഓര്‍ മ്മ  വന്നുള്ളൂ .."അമ്മെ ..അനുപമേ..."
അതെ !..'അമ്മയെ ഉപമിക്കനാവില്ല... ഒന്നിനോടും...